കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കരയില്‍ നിന്നും 4
കിലോമീറ്റര്‍ അകലത്തായാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വെട്ടിക്കവലയെന്ന പേരില്‍ തന്നെയുള്ള ബ്ളോക്കു പരിധിയിലാണ് സമതലങ്ങളും
കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമുള്ള ഈ പഞ്ചായത്ത് സ്ഥിതി
ചെയ്യുന്നത്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷക നദികള്‍ ഈ
പഞ്ചായത്തില്‍ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ
അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും
പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഉന്നതി അനുസരിച്ച് മലനാട് മേഖലയില്‍
സ്ഥിതി ചെയ്യുന്നു. പ്രദേശത്തിന്റെ പൊതുവായ ചരിവ് തെക്കുനിന്നും
വടക്കോട്ടാണെങ്കിലും തെക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും
കിഴക്കോട്ടും ചരിവുളളതായി കാണാം. വടക്കുഭാഗത്ത് മേലില പഞ്ചായത്ത്,
വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂര്‍
പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂര്‍ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത്
ഇടമുളയ്ക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത്
എന്നിനയാണ് വെട്ടിക്കവലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. രണ്ടര
നൂറ്റാണ്ടു മുമ്പ് കൊട്ടാരക്കര ഇളയിടത്ത് സ്വരൂപത്തിന്റെ ഭാഗമായിരുന്നു
വെട്ടിക്കവല. കൊട്ടാരക്കര രാജ്യത്തിന്റെ സുവര്‍ണ്ണകാലത്ത് വെട്ടിക്കവല
പ്രദേശം സമ്പല്‍സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു
സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ
പ്രാന്തപ്രദേശങ്ങളിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുമിച്ചുള്ള
ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
വെട്ടിക്കവലയുടെ ഹൃദയ ഭാഗത്ത് (ഹൈസ്കൂള്‍ ജംഗ്ഷന്‍ ) പുരാതന കാലത്ത് ഒരു
വലിയ വെട്ടിവൃക്ഷം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടില്‍ നിന്നും കിഴങ്ങ്
മാന്തിയെടുത്തുകൊണ്ടിരുന്ന ഒരു കര്‍ഷക സ്ത്രീയുടെ കൊയ്ത്തിരുമ്പ് ഒരു
വിഗ്രഹത്തില്‍ തട്ടിയപ്പോള്‍ അതില്‍ നിന്ന് രക്തം പ്രവഹിച്ചുവെന്നും ഈ
വാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ ജനങ്ങള്‍ മരച്ചുവട്ടിലെ ദേവ
സാന്നിദ്ധ്യത്തെയും ആത്മീയ ചൈതന്യത്തെയും പറ്റി
ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസ്തുത വിഗ്രഹം ക്ഷേത്രത്തിലേക്ക് മാറ്റി
യഥാവിധി പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. വെട്ടി നിന്നിരുന്ന
കവലയാണ് വെട്ടിക്കവലയായി മാറിയത് എന്നാണ് വിശ്വാസം.
No comments:
Post a Comment